Sunday, May 19, 2024
spot_img

ശരത് പവാറും ബിജെപിയിലേക്കോ ? അന്തം വിട്ട് ഇൻഡി സഖ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ എൻസിപി നേതാവ് ശരത് പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതോടെ ഇൻഡി സഖ്യത്തിൽ ആശങ്ക ഉടലെടുത്തിരിക്കുകയാണ് . ശരത് പവാർ ബിജെപി പാളയത്തിലേക്കോ എന്ന ആശങ്കയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശരത് പവാർ മൂന്ന് എൻഡിഎ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചതിന് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ മറ്റന്നാൾ ബാരാമതിയിലെ പാവറിന്റെ വസതിയിലേക്കാണ് ക്ഷണിച്ചത്. ബാരാമതിയിൽ ഒരു സർക്കാർ പരിപാടിയ്ക്ക് എത്തുന്ന മൂവരോടും തൻറെ വസതിയിലെ അത്താഴ വിരുന്നിലെത്തണമെന്നാണ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതും അജിത് പവാർ എൻ സി പിയെ പിള‍ർത്തിയതുമെല്ലാം മറന്നുള്ള പവാറിൻറെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേക്ക് പങ്കുണ്ടോയെന്നാണ് സംശയം ഉയരുന്നത്.

ബാരാമതിയിലെ എം പിയാണ് ശരദ് പവാറിൻറെ മകൾ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയക്കെതിരെ അജിത് പവാറിൻറെ ഭാര്യ സുനേത്ര പവാറിനെ എൻ ഡി എ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ബരാമതിയിലെ വസതിയിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ച് ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

25 വര്‍ഷത്തെ പഴക്കമുള്ള പാര്‍ട്ടി 2023 ജൂണ്‍ജൂലൈയിലാണ് രണ്ടായി പിളര്‍ന്നത്. പിളര്‍ന്ന അജിത്ത് പവാര്‍ പക്ഷം എന്‍ഡിഎയ്‌ക്കൊപ്പമാണ്. യഥാര്‍ത്ഥ എന്‍സിപി ആരെന്ന തര്‍ക്കത്തിനൊടുവില്‍ ഇത് അജിത്ത് പവാര്‍ പക്ഷമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയത് ശരത് പവാറിന് തിരിച്ചടിയായിരുന്നു. ഇതോടെ എന്‍സിപിയുടെ ചിഹ്നവും അജിത്ത് പവാര്‍ പക്ഷത്തിന്റേതായിരുന്നു. ശരത് പവാറും മകള്‍ സുപ്രിയ സുലെയുമടക്കമുള്ള പക്ഷം എന്‍സിപി പക്ഷമെന്നാണ് അറിയപ്പെടുന്നത്.

Related Articles

Latest Articles