Saturday, May 18, 2024
spot_img

ഷാരോൺ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലെന്ന് പോലീസ് പറയുന്നതിനാൽ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

ഗ്രീഷ്മക്കൊപ്പം മറ്റുപ്രതികളായ അമ്മയും അമ്മാവനും ഹർജികൾ നല്‍കിയിരുന്നു. ഷാരോണ്‍ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്നാണ് കേസ്. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ നാഗര്‍കോവില്‍ കന്യാകുമാരിലെ ജെ എം എഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹർജി സമർപ്പിച്ചിരുന്നത്. നിലവിൽ നെയ്യാറ്റികര അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.

Related Articles

Latest Articles