തിരുവനന്തപുരം: പാക് സൈനിക മേധാവി അസിം മുനീറിന് അത്താഴ വിരുന്നൊരുക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ പരിഹസിച്ച് ശശി തരൂർ എംപി. 2001-ൽ അമേരിക്കയെ ഞെട്ടിച്ച വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അൽ-ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദനെ ഓർക്കുക. അന്ന് ആ ആക്രമണത്തിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതിന് ഉത്തരവാദികളായ ഭീകരർ പാകിസ്ഥാൻ സൈനിക ക്യാമ്പിന് സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും തരൂർ പറഞ്ഞു.
“പാക് പ്രതിനിധി സംഘത്തെ സന്ദർശിച്ച ചില സെനറ്റർമാർക്കും കോൺഗ്രസുകാർക്കും ഒസാമ എപ്പിസോഡ് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമായിരിക്കും. എന്നാൽ പക്ഷേ അമേരിക്കയിലെ ജനങ്ങൾക്ക് ഒസാമ എപ്പിസോഡ് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. അതിന്റെ ഉത്തരവാദിയെ ഒരു സൈനിക ക്യാമ്പിന് സമീപം കണ്ടെത്തുന്നതുവരെ ഒളിപ്പിച്ചതിലുള്ള പാകിസ്ഥാന്റെ കുറ്റബോധം അമേരിക്കക്കാർക്ക് അത്ര എളുപ്പത്തിൽ ക്ഷമിക്കാൻ കഴിയില്ല,” ശശി തരൂർ പറഞ്ഞു.
ഭാരതത്തിലേക്ക് പാക് മണ്ണിൽ നിന്ന് തീവ്രവാദികളെ ധനസഹായം നൽകുന്നതും, ആയുധം നൽകുന്നതും, പരിശീലനം നൽകുന്നതും, അയയ്ക്കുന്നതും’ തടയാൻ പ്രസിഡന്റ് ട്രമ്പ് പാക് കരസേനാ മേധാവിക്ക് മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു.

