Wednesday, May 22, 2024
spot_img

ശാസ്താംപാട്ടിലെ അയ്യപ്പന്‍

ശബരിമല തീര്‍ത്ഥാടനത്തിനു വ്രതം അനുഷ്ഠിക്കുന്ന സ്വാമിമാരുടെ ഭവനത്തിലോ, അതേ പോലെ ക്ഷേത്രസന്നിധിയിലോ ആണ്‌ അയ്യപ്പന്‍ പാട്ട് നടത്തുന്നത്.ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ്‌ പാട്ട് നടത്തുന്നത്.പന്തലിട്ട് അലങ്കരിച്ചിടത്ത്, അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, മാളികപ്പുറത്തമ്മ, വാവര്‍ എന്നീ ദേവതമാരെ സങ്കല്‌പിച്ചു പീഠമിട്ട്‌ പൂജ നടത്തിയശേഷമാണ്‌ പാട്ട്‌ ആരംഭിക്കുക.അയ്യപ്പന്‍റെ കഥയാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്, ഇതിനെ ശാസ്താംപാട്ടെന്നും ഉടുക്ക് പാട്ടെന്നും അറിയപ്പെടുന്നു.

ശാസ്താംപാട്ടിനു ഏഴ് ഭാഗങ്ങളാണുള്ളത്.
പാണ്ടിശ്ശേവം, പുലിശ്ശേവം, ഈഴശ്ശേവം, ഇളവശ്ശേവം, വെളിശ്ശേവം, പന്തളശ്ലേവം, വേളാര്‍ശ്ലേവം എന്നിവയാണവ.നാട്ടില്‍പുറങ്ങളില്‍ ഇവ `സേവാംപാട്ടുകള്‍’ എന്ന പേരിലറിയപ്പെടുന്നു.

ആറുപേരുടെ സംഘമാണ്‌ അയ്യപ്പന്‍പാട്ട്‌ നയിക്കുക. സംഘത്തലവന്‍ പാട്ടിന്‌ തുടക്കമിടും. പിന്നീട്‌ ഓരോരുത്തരായി പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യും. ഇങ്ങനെ പാടി അവസാനിപ്പിച്ചതിനു ശേഷമാണ്‌ താലം എഴുന്നെള്ളിപ്പ്‌.

ഭഗവതിയെ എഴുന്നെള്ളിക്കുന്ന ചടങ്ങാണ് താലം എഴുന്നെള്ളിപ്പ്‌..ഇവിടെ ഭഗവതിയായി കരുതുന്നത് മാളികപ്പുറത്തമ്മയേ ആണത്രേ.ഈ ഭഗവതിയെ കുടിയിരുത്തിയതിനുശേഷം പൂജയും നെയ്യ്‌ നിലയ്‌ക്കലും നടത്തും.തുടര്‍ന്ന് പൊന്തിയും പരിചയും നടത്തി അയ്യപ്പന്‍ വിളക്കിന്‍റെയും പാട്ടിന്‍റെയും അവസാന ചടങ്ങുകളിലേക്ക് എത്തും.

അയ്യപ്പനും വാവരും തമ്മിലുള യുദ്ധത്തെയാണ്‌ ഇതനുസ്‌മരിപ്പിക്കുന്നത്‌. പ്രത്യേകം വെളിച്ചപ്പാടന്മാര്‍ ഇരുവര്‍ക്കും വേണ്ടി രംഗത്തുവരും. അരമണിയും ചുരികയും ചിലമ്പുമണിഞ്ഞ് അയ്യപ്പനും, ലുങ്കിലും ബെല്‍റ്റും പച്ചത്തൊപ്പിയുമണിഞ്ഞ് വാവരും വരും.തുടര്‍ന്ന് യുദ്ധവും അതിനുശേഷമുള്ള സന്ധിചെയ്യലോടുംകൂടി `പൊന്തിം പരിചയും’ സമാപിക്കുന്നു.പൂജകഴിഞ്ഞ്‌ മംഗളം പാടിയാണ്‌ അയ്യപ്പന്‍പാട്ട്‌ അവസാനിക്കുന്നത്‌.

Related Articles

Latest Articles