Sunday, October 4, 2026

ശൗര്യചക്ര 6 പേർക്ക്; വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിക് അനീഷ് തോമസിന് മരണാനന്തര ബഹുമതിയായി പ്രത്യേക സേനാ പുരസ്കാരം!

ദില്ലി: കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം. മേജർ അരുൺ കുമാർ പാണ്ഡെ, മേജർ രവി കുമാർ ചൗധരി, ക്യാപ്റ്റൻ അശുതോഷ് കുമാർ (മരണാനന്തരം), ക്യാപ്റ്റൻ വികാസ് ഖത്രി, റൈഫിൾമാൻ മുകേഷ് കുമാർ, സിപോയ്: നീരജ് അഹ്‍ലാവത് എന്നിവർക്കാണു ശൗര്യചക്ര ലഭിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നവരാണ് ഇവർ.

കൂടാതെ കാർഗിൽ യുദ്ധ വിജയത്തിൽ നിർണായക പങ്കുവഹിച്ച സുബേദാർ മേജർ യോഗേന്ദ്ര സിങ് യാദവിനെ ഓണററി ക്യാപ്റ്റന്റെ റാങ്കിലേക്ക് ഉയർത്തി. അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ സേനാ മെഡലായ പരംവീർ ചക്ര ജേതാവാണ്.

ധീരതയ്ക്കുള്ള സേനാ പുരസ്കാരം ലഭിച്ച മലയാളി കരസേനാംഗങ്ങൾ ഇവരൊക്കെയാണ്:
മേജർ രാഹുൽ ബാലമോഹൻ, മേജർ അതുൽ ജയിംസ്, ക്യാപ്റ്റൻ സ്നേഹാശിഷ് പോൾ, സാപ്പർ: സി.ബിബിൻ, സാപ്പർ: ജി.ശിവകുമാർ.

പാക്ക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിക് അനീഷ് തോമസിന് മരണാനന്തര ബഹുമതിയായി പ്രത്യേക സേനാ പുരസ്കാരം (മെൻഷൻ ഇൻ ഡെസ്പാച്ചസ്) ലഭിച്ചു. കഴിഞ്ഞ 2020 സെപ്റ്റംബർ 16ന് നിയന്ത്രണ രേഖയിലെ സുന്ദർബനി സെക്ടറിലുണ്ടായ ആക്രമണത്തിലാണ് അനീഷ് തോമസ് വീരമൃത്യു വരിച്ചത്.

Related Articles

Latest Articles