ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി മുഹമ്മദ് യൂനുസ് സർക്കാർ. സുരക്ഷാ സേനകളോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകൾ നടത്താനും ഹസീന ഉത്തരവിട്ടു എന്നാരോപിച്ചാണ് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയിരിക്കുന്നത്. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
വിവിധ ഏജൻസികളിൽനിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം ഇന്ന് ഒരു ടെലിവിഷൻ ഹിയറിങിൽ ആരോപിച്ചു. കേസിൽ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. പ്രതിഷേധങ്ങളിലും അടിച്ചമർത്തലുകളിലുമായി ഏകദേശം 1,500 പേർ മരിക്കുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ധാക്കയിൽ തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം ഭരണവിരുദ്ധ കലാപമായി മാറിയത്തെത്തുടർന്ന് രാജ്യം വിട്ട് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
14:59

