Sunday, December 28, 2025

55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാമായിരുന്നു, ബാക്കിയുള്ളവ കറക്കിക്കുത്തിയത്; വിശദീകരണവുമായി ശിവരഞ്ജിത്

തിരുവനന്തപുരം : പി എസ് സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റാഡിരുന്ന ശിവരഞ്ജിത്. യൂണിവേഴ്‌സിറ്റി കോളേജ്‌ കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു.

വളരെ കടുപ്പമേറിയ പരീക്ഷയില്‍ ആക്രമണക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമടക്കംകോളേജിലെ മൂന്നു വിദ്യാര്‍ഥികളാണ് മുന്നിലെത്തിയത്.

ഇതുസംബന്ധിച്ച്‌ പി.എസ്.സി. അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ഈ പരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്.

സ്പോര്‍ട്സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ഇരുവരും കേസില്‍ പ്രതികളാകുന്നത്.

Related Articles

Latest Articles