Saturday, May 4, 2024
spot_img

കളം വിട്ട കളി പാരയായി; ബിജെപി കൂടാരത്തിലേക്ക് മടങ്ങാൻ ശിവസേനാ ശ്രമം

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വീണ്ടും ബി ജെ പിയുമായി സഖ്യത്തിനൊരുങ്ങുന്നതായി സൂചന. എൻ സി പിയോടും കോൺഗ്രസിനോടും സർക്കാർ രൂപീകരണത്തിനായി ചർച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും ബി ജെ പിയുമായാണ് ശിവസേന സഖ്യത്തിനൊരുങ്ങുന്നതെന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ശിവസേന ബി ജെ പിയുമായി രഹസ്യ ചര്‍ച്ചകൾ ആരംഭിച്ചതായാണ് വിവരം. സഞ്ജയ് റാവത്തിനോട് പ്രസ്താവനകള്‍ മയപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 50: 50 ഫോർമുലയിൽ പദവികൾ വിഭജിച്ച് ക്ഷണിച്ചാൽ ബി ജെ പി സഖ്യം സന്തോഷപൂർവം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്നാണ് ശിവസേനാ വൃത്തങ്ങൾ നൽകുന്ന സൂചന.

കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ നടത്തിയ ചർച്ചയും എൻ സി പിയുമായി ബി ജെ പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകളുമാണ് ശിവസേനയെ ഇപ്പോൾ ചുവടുമാറ്റാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ബിജെപി വമ്പന്‍ ഓഫറുകള്‍ എന്‍സിപിക്ക് മുന്നില്‍ വെച്ചെന്നാണ് സൂചനകള്‍. ശരത് പവാറിന് രാഷ്ട്രപതി പദം നല്‍കുമെന്ന് ഉറപ്പ് കൊടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ എന്‍സിപിക്ക് നിര്‍ണായക പദവികളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്എന്നാണ് വിവരം.

എൻ സി പിയോടൊപ്പം ചേർന്ന് ബി ജെ പി അധികാരത്തിൽ വരുമെന്നു ഭയവും ബി ജെ പിയുമായി വീണ്ടും സഖ്യമുണ്ടാക്കാൻ ചേരാൻ ശിവസേനയെ പ്രേരിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മഹാരാഷ്ട്രയിലെ ശിവസേനാ മുന്നേറ്റത്തിന് തടയിടാനാണ് ബി ജെ പി ഇപ്പോൾ എൻ സി പിയുമായി സഖ്യം ചേരാൻ ശ്രമിക്കുന്നതെന്ന ആശങ്കയും ശിവസേനാ വൃത്തങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles