Saturday, April 20, 2024
spot_img

വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്: വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞു

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നും ​ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൊലപ്പെട്ടെന്നും സൂചനയുണ്ട്. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ആയിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാ​ഗമായ തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിച്ചു.

തുടർന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെയെത്തുകയും റിസോര്‍ട്ടിന് മുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്നും പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. നാലര മണിക്കാണ് അവസാനമായി വെടിയൊച്ചകള്‍ കേട്ടത്. വന പ്രദേശത്തേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കായി മുപ്പതംഗ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles