വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ വിദ്യാർത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് വിവരം.
പ്രാദേശിക സമയം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അദ്ധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍ നിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. അക്രമി ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാർത്ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

