Sunday, December 14, 2025

കൊച്ചിയിലെ ബാറിലെ വെടിവയ്പ്പ്! പ്രതികൾ ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളിൽ ഉൾപ്പെട്ടവർ ! ഒരാൾ കസ്റ്റഡിയിൽ

കൊച്ചി : കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍, ലഹരി മാഫിയ സംഘത്തിലുള്‍പ്പെട്ടവരെന്ന് സംശയം. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ ഇവരെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളിലൊരാളായ അങ്കമാലി സ്വദേശി പോലീസ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പിലെത്തിയത്. അക്രമം നടത്തിയതിന് ശേഷം സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നുമാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. .

ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ജീവനക്കാർക്ക് നേരെ വെടിവച്ചത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ ഉപയോഗിച്ചത് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്.

Related Articles

Latest Articles