ജെറുസലേമിലെ തിരക്കേറിയ ബസ് സ്റ്റോപ്പിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു, ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. അക്രമികളായ 2 പലസ്തീനികളെ വധിച്ചതായി ഇസ്രയേൽ പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേൽ പ്രതിരോധ സേന നൽകുന്ന വിവരങ്ങൾ പ്രകാരം, രണ്ട് പലസ്തീനികളായ ആക്രമണകാരികൾ ഒരു ബസിൽ കയറി കിഴക്കൻ ജെറുസലേമിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രധാന കവലയിൽ ഇറങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നു.ആക്രമണം നടത്തിയ രണ്ട് പേരെയും പോലീസ് ഉടൻ തന്നെ വധിച്ചു.
ബസ് സ്റ്റോപ്പിൽ നിന്ന് ആളുകൾ ചിതറിയോടുന്നതിന്റെയും ബസ് സ്റ്റോപ്പിന് സമീപം റോഡിലും നടപ്പാതയിലും ആളുകൾ വെടിയേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായും സ്ഥലത്ത് ഗ്ലാസ് ചില്ലുകൾ ചിതറിക്കിടക്കുന്നതായും രക്ഷാപ്രവർത്തനത്തിനെത്തിയ പാരാമെഡിക്കുകൾ പറയുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
ആക്രമണത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ തലവന്മാരുമായി സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) വിവരമനുസരിച്ച്സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്കായി ഇസ്രായേൽ സൈന്യം റാമല്ലയുടെ പ്രാന്തപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. അതിനിടെ,ഹമാസ് ആക്രമണം നടത്തിയവരെ പ്രകീർത്തിച്ച് രംഗത്തെത്തി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല.
കൊല്ലപ്പെട്ടവരിൽ 50 വയസ്സുള്ള ഒരു പുരുഷനും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ എമർജൻസി സർവീസസ് (MDA) വക്താവ് അറിയിച്ചു. വെടിയേറ്റ നിലയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 50 വയസ്സുള്ള ഒരു സ്ത്രീ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. വെടിവെപ്പിൽ പരിക്കേറ്റവരെ ജെറുസലേമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗ്ലാസ് ചില്ലുകൾ തെറിച്ച് നിസ്സാര പരിക്കേറ്റ പലർക്കും സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നൽകി.

