Wednesday, May 15, 2024
spot_img

സിദ്ധാർത്ഥിന്റെ മരണം; കോളേജുകാർ അറിയുന്നതിന് മുമ്പെ ആംബുലൻസ് ഹോസ്റ്റലിൽ എത്തി! തീരാത്ത ദുരൂഹത!!

വയനാട്‌: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ തീരാത്ത ദുരൂഹത! വൈത്തിരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പ്രകാരം 18-ന് വൈകിട്ട് 4.29 നാണ്
സിദ്ധാർത്ഥിന്റെ മരണവിവരം സ്റ്റേഷനില്‍ അറിയുന്നത്. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ വിളിച്ച് അനുമതി വാങ്ങിയെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ ആംബുലന്‍സുകാര്‍ മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് സ്റ്റേഷനില്‍ 4.29-നാണ് വിവരമറിഞ്ഞതെങ്കില്‍ പിന്നെ ആംബുലന്‍സ് ഡ്രൈവര്‍ ആരെ വിളിച്ചാണ് അനുമതി വാങ്ങിയതെന്നതാണ് ഉയരുന്ന ചോദ്യം.

മരണവിവരം കോളേജ് ഡീനുള്‍പ്പെടെയുള്ളവര്‍ അറിയുന്നതിനുമുന്നേ ആംബുലന്‍സ് ഹോസ്റ്റലില്‍ എത്തിയിരുന്നു. വിദ്യാർത്ഥികൾ കോളേജില്‍ പറയാതെ ആംബുലന്‍സ് വിളിച്ചതിനുപിന്നില്‍ സംശയങ്ങളുണ്ട്. എന്തായിരുന്നു അതിനുപിന്നിലെ ലക്ഷ്യമെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സിദ്ധാര്‍ത്ഥ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയതെന്നുമാണ് പോലീസിന് വിദ്യാര്‍ത്ഥികള്‍ മൊഴിനല്‍കിയിട്ടുള്ളത്.

പക്ഷേ, കുളിമുറിയിലേക്ക് വാതില്‍ തുറക്കാതെത്തന്നെ മുകളിലൂടെ ഇറങ്ങാനും വാതില്‍ ലോക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്. ആറുമണിക്കൂര്‍ തുടര്‍ച്ചയായ മര്‍ദനമേറ്റ്, വെള്ളവും ഭക്ഷണവും കിട്ടാതെ, തീര്‍ത്തും അവശനായി എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ സിദ്ധാര്‍ത്ഥ് കട്ടിലില്‍ കിടക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരം ഒരവസ്ഥയില്‍ കിടക്കുന്നയാള്‍ക്ക് പിന്നെ എങ്ങനെയാണ് കുളിമുറിയില്‍പ്പോയി സ്വയം കെട്ടിത്തൂങ്ങാന്‍ കഴിയുക എന്ന സംശയത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഈ സംശയംകൊണ്ടാവാം കൊലപാതകം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറഞ്ഞിരിക്കുന്നത്.

മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ കഴിഞ്ഞെങ്കിലും തുടക്കത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനമുണ്ട്. കുറ്റകൃത്യം നടന്നാല്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കുന്നതുവരെ സംഭവസ്ഥലം സീല്‍ ചെയ്യണമെന്നാണ്. കൊന്നതാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് തെളിയിക്കണമെങ്കില്‍ തൂങ്ങാനുപയോഗിച്ച വസ്തുകൂടി ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിക്കണം. തുണിയുടെ നൂലിന്റെ മര്‍ദം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയാലേ കൊലപാതകമാണോ തൂങ്ങിമരണമാണോ എന്ന് സംശയമില്ലാതെ പറയാന്‍കഴിയൂ.

പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുവന്നപ്പോള്‍ തൂങ്ങിമരിക്കാനുപയോഗിച്ച വസ്തു പോലീസ് കൊണ്ടുവന്നിട്ടില്ലെന്ന് ബത്തേരി താലൂക്കാശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴുത്തിലുള്‍പ്പെടെ 18 സ്ഥലങ്ങളില്‍ പരിക്കുകളുണ്ടെന്ന് വൈത്തിരി പോലീസ് മാര്‍ക്കുചെയ്ത് സര്‍ജന് നല്‍കിയിട്ടുണ്ട്. ഇതുതന്നെ സംശയത്തിന് വക നല്‍കുന്നതായതിനാല്‍ എന്തുകൊണ്ട് സംഭവസ്ഥലം സീല്‍ചെയ്യുന്ന കാര്യത്തില്‍ പോലീസ് ജാഗ്രത കാണിച്ചില്ലെന്ന ചോദ്യം പ്രസക്തമാണ്.

Related Articles

Latest Articles