Friday, May 3, 2024
spot_img

തണുപ്പിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ; ഹിമപാതത്തിൽ കുടുങ്ങി വിനോദസഞ്ചാരികൾ; സിക്കിമിൽ സൈന്യം രക്ഷകരായത് 1000 ലേറെ പേർക്ക്

നാഥുലാ: തണുപ്പിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഹിമാലയൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിൽ നിരവധി ടൂറിസ്റ്റുകളാണ് കുടുങ്ങിയത്. ചൈനയുടെ അതിർത്തി പങ്കിടുന്ന നാഥുലാ ചുരം മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയിൽ സഞ്ചാരികൾ കുടുങ്ങിപ്പോയത്. ഇവരെ സൈന്യം രക്ഷപ്പെടുത്തി. സൈന്യത്തിന്റെ ബ്ലാക്ക് ക്യാറ്റ് ഡിവിഷനാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എല്ലാവരേയും സൈനിക ക്യാമ്പുകളിലേക്കാണ് എത്തിച്ചത്. എല്ലാവർക്കും താമസവും ഭക്ഷണവും അടിയന്തിര വൈദ്യസഹായവും നൽകിയതായും സൈന്യം അറിയിച്ചു.

കനത്ത മഞ്ഞുവീഴ്ചയിൽ യാത്രചെയ്യാനാകാതെ കുടുങ്ങിയവരേയും വാഹനങ്ങൾ കേടായി വഴിയിൽ കുടുങ്ങിയവർക്കുമാണ് സൈന്യം രക്ഷയ്‌ക്കെത്തിയത്. ആയിരം വിനോദസഞ്ചാരികളെയാണ് ഇവിടെനിന്നും സൈന്യം രക്ഷപെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് ഉച്ചയോടെ കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. നാഥു ലാ ചുരത്തിലും സോംഗോ തടാക പ്രദേശത്തുമാണ് മഞ്ഞുവീഴ്ച ശക്തമായത്.

അതേസമയം പ്രദേശത്തെ താപനില മൈനസ് 25 ഡിഗ്രിയിലേക്ക് താണതോടെ സഞ്ചാരികളിൽ പലർക്കും ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നു. വാഹനങ്ങൾ നീക്കാൻ സമയമെടുക്കുമെന്നതിനാലാണ് എല്ലാ സഞ്ചാരികളേയും സൈന്യമെത്തി അവരുടെ ട്രക്കുകളിൽ കയറ്റി ക്യാമ്പുകളിലേക്ക് മാറ്റിയത്.
ജവഹർലാൽ നെഹ്‌റു ദേശീയപാതയിൽ വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞും പല വാഹനങ്ങളും മഞ്ഞുപാളികളിൽ പിടുത്തം കിട്ടാതെ തെന്നിമറിയുന്ന സാഹചര്യമുണ്ടാവുകയാണ്. ഗാംഗ്‌ടോക്കുമായി നാഥുലായെ ബന്ധിപ്പിക്കുന്ന റോഡാണ് പ്രശ്‌നമായത്. ആകെ 120 വാഹനങ്ങളിലായി 1027 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്.

Related Articles

Latest Articles