വർക്കല : ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . സാമൂഹിക നവോഥാനത്തിന് കരുത്തുപകർന്ന പരിപാവനമായ മണ്ണാണ് ശിവഗിരിയുടേതെന്നും ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ട സമത്വസുന്ദരമായ കേരളം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞയാണ് ശിവഗിരി സന്ദർശനവേളയിൽ താൻ എടുക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെയോടെ ശിവഗിരിയിലെത്തിയ മുഖ്യമന്ത്രി ശ്രീനാരായണ ഗുരു മഹാസമാധിയിൽ ദർശനം നടത്തുകയും പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തു.
ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തും! ഗുരു സ്വപ്നം കണ്ട കേരളം യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ pic.twitter.com/zPnFo3OZyl
— Tatwamayi News (@TatwamayiNews) June 12, 2026
മുഖ്യമന്ത്രി വി.ഡി. സതീശൻ ആദർശ രാഷ്ട്രീയത്തിന്റെ മികച്ച മാതൃകയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ചടങ്ങിൽ അനുസ്മരിച്ചു. ജാതി, മത, കക്ഷി ഭേദങ്ങൾക്ക് അതീതമായി കേരളത്തിന്റെ സമഗ്രമായ പുരോഗതി ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി’ കേരളത്തെ മാറ്റാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു.
രാവിലെ ഒൻപത് മണിയോടെ ശിവഗിരി മഠത്തിൽ എത്തിയ മുഖ്യമന്ത്രിയെ മഠാധിപതി സച്ചിദാനന്ദ സ്വാമി പൊന്നാടയണിച്ച് ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് ശിവഗിരി മഠം അധികൃതരുമായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുമായും മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി. ശിവഗിരിയുടെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്ത കൂടിക്കാഴ്ചയിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

