Monday, September 21, 2026

ആറ് സുപ്രധാന നേതാക്കൾ കൊല്ലപ്പെട്ടു ! ഇസ്രയേൽ വ്യാമോക്രമണ തീവ്രത കുറയ്ക്കാൻ കുബുദ്ധിയുമായി ഹമാസ്; സംഗീതോത്സവത്തിനിടെ ബന്ദിയാക്കിയ 21കാരിയായ ഇസ്രയേൽ വനിതയുടെ വിഡിയോ പുറത്തു വിട്ടു

അതിർത്തി തകർത്ത് നുഴഞ്ഞു കയറി നിരപരാധികളായ ഇസ്രയേലി പൗരന്മാരെ കൂട്ടക്കുരുതി നടത്തിയ തീവ്രവാദി സംഘടന ഹമാസിനെതിരായ യുദ്ധം പതിനൊന്നാം ദിനത്തിലേക്ക് കടക്കുന്നതിനിടെ ഇസ്രയേൽ പ്രത്യാക്രമണ തീവ്രത കുറയ്ക്കാനായി തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. നേരത്തെ വ്യാമോക്രമണത്തിന്റെ തീവ്രത കുറച്ചില്ലെങ്കിൽ ബന്ദികളെ ഓരൊരുത്തരേയായി കൊല്ലുമെന്നായിരുന്നു ഹമാസ് ഭീഷണി. എന്നാൽ ഈ ഭീഷണി വിലപോവാതെ വന്നതോടെയാണ് പുതിയ തന്ത്രം. ഇസ്രയേൽ വ്യാമോക്രമണത്തിൽ ആറ് സുപ്രധാന നേതാക്കളെയാണ് ഹമാസിന് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബന്ദികളാക്കപ്പെട്ടവരുടെ എണ്ണവും ഇസ്രയേൽ സേന പുറത്ത് വിട്ടിരുന്നു.

21 വയസ്സുകാരിയായ മിയ സ്കീം എന്നു സ്വയം പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെ വിഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സാണ് ഇന്നലെ പുറത്തുവിട്ടത്.

താൻ ഗാസ അതിർത്തിക്കടുത്തുള്ള ഇസ്രായേലി നഗരമായ സ്‌ദെറോത്തിൽ നിന്നുള്ളയാളാണെന്ന് യുവതി വിഡ‍ിയോയിൽ പറയുന്നു. ആക്രമണം നടന്ന ദിവസം തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയതായിരുന്നു മിയ സ്കീം. ഈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മിയ ഉൾപ്പെടെ അനേകം പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.

ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ, മിയയുടെ പരുക്കേറ്റ കൈയിൽ ആരോഗ്യപ്രവർത്തക ബാൻ‍ഡേജ് ഉപയോഗിച്ച് കെട്ടുന്നത് വിഡിയോയിൽ കാണാം. കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെന്നും യുവതി പറയുന്നു.

‘‘അവർ എന്നെ പരിപാലിക്കുന്നു, അവർ എന്നെ ചികിത്സിക്കുന്നു, അവർ എനിക്ക് മരുന്ന് നൽകുന്നു. എല്ലാം ശരിയാണ്. പക്ഷേ ഇവിടുന്ന് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. എന്റെ കുടുംബത്തോടും മാതാപിതാക്കളോടും എന്റെ സഹോദരങ്ങളോടും എല്ലാവരോടും ഇതുതന്നെ പറയുന്നു. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെനിന്നു മോചിപ്പിക്കൂ.’’– യുവതി പറയുന്നു.

മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. മിയ ഉൾപ്പെടെയുള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുള്ള ഇന്റലിജൻസ് പ്രവർത്തനങ്ങളും സ്വീകരിച്ച് വരുകയാണെന്നും ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles