Tuesday, May 14, 2024
spot_img

9 വര്‍ഷത്തിനിടെ ദമ്പതികളുടെ 6 കുട്ടികള്‍ മരിച്ചു; ദുരൂഹത എന്ന് നാട്ടുകാര്‍

മലപ്പുറം: തിരൂരില്‍ ഒരു ദമ്പതികളുടെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ തുടര്‍ച്ചയായി മരിച്ചതില്‍ ദുരൂഹത. തിരൂര്‍ – ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് – സബ്‌ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്ന് പുലര്‍ച്ചെ ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത നാട്ടുകാര്‍ തുറന്ന് പറയാന്‍ തയ്യാറായതും പൊലീസ് ഇടപെട്ടതും. ദമ്പതികളുടെ ആറാമത്തെ ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്.

മരിച്ചതില്‍ ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത് എന്നത് ദുരൂഹത കൂട്ടുന്നു. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴാണ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. എന്താണ് മരണകാരണമെന്ന് ആര്‍ക്കും അറിയില്ല. അപസ്മാരമാണ് മരണകാരണം എന്ന് മാത്രമാണ് മാതാപിതാക്കള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഇന്ന് പുലര്‍ച്ചെ മരിച്ചത് 93 ദിവസം മാത്രം പ്രായമായ കുഞ്ഞാണ്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ 10 മണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തി. ഇതിന് മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ തന്നെയാണ് സംസ്‌കരിച്ചതെന്നത് ദുരൂഹത കൂട്ടുന്നു. കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചിട്ടും ഡോക്ടര്‍മാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാതാപിതാക്കളുടെ മൊഴിയെടുക്കും. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന കാര്യം അടക്കം പരിഗണിക്കുന്നുമുണ്ട്.

Related Articles

Latest Articles