കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ മര്‍ക്കസ്-ഇ-ഉസ്മാന്‍-ഒ-അലിയില്‍, ഭഗല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ബോംബ് സ്‌ഫോടനങ്ങള്‍ക്കൊന്നും തകര്‍ക്കാന്‍ കഴിയാത്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിലാണ് മസൂദ് അസ്ഹര്‍ താമസിക്കുന്നത്.ഈ വിലാസം കൂടാതെ മറ്റു മൂന്ന് ഒളിത്താവളങ്ങള്‍ കൂടി പാകിസ്ഥാനില്‍ത്തന്നെ മൗലാന മസൂദ് അസ്ഹറിനുണ്ട്.
പുല്‍വാമ ബോംബ് സ്‌ഫോടനത്തിന്റെ പുറകേ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മൊബൈല്‍ നമ്പറുകളില്‍ ഒരെണ്ണം, ഭവല്‍പൂരിലെ ഈ ഭീകര കേന്ദ്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസര്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ ശത്രുവാണ്.
മസൂദ് അസറിനെ കാണാനില്ലെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായിരുന്നു ഹമ്മാദ് അസറിന്റെ പ്രതികരണം. കാണാനില്ലാത്തതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായില്ലെന്നായിരുന്നു പാക് ധനകാര്യമന്ത്രിയുടെ വാദം. പാകിസ്ഥാന്‍ ലക്ഷ്‌കര്‍ ഭീകരനെ പതിനൊന്ന് വര്‍ഷം ശിക്ഷ വിധിച്ചത് അടുത്ത കാലത്താണ്. യുഎന്‍ എഫ്എടിഎഫ് യോഗത്തിന് മുന്‍പായി പാക് മന്ത്രി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.
നേരത്തെ ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍, വിശേഷിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായിരുന്നു ഈ തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തത്.

