ഇന്ന് സ്കന്ദഷഷ്ഠി. ശ്രീമുരുകനെ പ്രീതിപ്പെടുത്താൻ സ്കന്ദ ഷ്ഷ്ഠി (skanda sashti) വ്രതം തുലാമാസത്തിലെ ശുക്ല പക്ഷ ഷ്ഷ്ഠിനാളിലാണ് അനുഷ്ഠിക്കുന്നത്. ശത്രുസംഹാരവും സത്സന്താന ലബ്‌ധിയുമാണ് സ്‌കന്ദഷഷ്ഠി അനുഷ്ഠിച്ചാലുള്ള ഫലത്തിൽ പറയുന്നത്. ഇതു കൂടാതെ ദീർഘായുസ്സും വിദ്യയും തീരാദുഃഖങ്ങളും മഹാവ്യാധികളും അകലാൻ സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് പുണ്യമായി കരുതുന്നു.
ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം. എങ്കിലും തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ഷഷ്ഠി ദിവസം ഉപവാസമാണ് ഉത്തമം. അന്നേദിവസം സുബ്രഹ്മണ്യനാമ ഭജനം നല്ലതാണ്. എണ്ണ തേച്ചുകുളി, പകലുറക്കം എന്നിവ പാടില്ല.
പുഷ്പങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്.

