തിരുവനന്തപുരം :പ്രഭാതഭക്ഷണം കഴിക്കാൻ വെജിറ്റേറിയൻ ഹോട്ടലിൽ കയറിയ യുവതിക്ക് കടലക്കറിയിൽ കാണാനായത് പുറംതോടോട് കൂടിയ ഒച്ചിനെയാണ് .വഴുതയ്ക്കാടുള്ള ഐശ്വര്യ ഹോട്ടലിലാണ് സംഭവം .
ഇന്ന് രാവിലെയാണ് കഴക്കൂട്ടം സ്വദേശിയായ യുവതിയും സുഹൃത്തും ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത് .അപ്പവും കടലക്കറിയുമാണ് ഇവർ ഓർഡർ ചെയ്തത് . ഭക്ഷണം ലഭിച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് കടലക്കറിയിൽ പുറംതോടുമായി ഒച്ചിനെ കണ്ടെത്തിയത് .തുടർന്ന് യുവതി ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും അത് സീ ഷെൽ അബദ്ധത്തിനു വീണതാകാം എന്ന് പറഞ്ഞു തടിതപ്പാൻ ശ്രമിച്ചു .എന്നാൽ വെജിറ്റേറിയൻ ഹോട്ടലിൽ എങ്ങനെയാണ് സീ ഷെൽ വരുന്നതെന്ന ചോദ്യമുയർത്തിയതോടെ ഹോട്ടൽ ജീവനക്കാരും ഉടമസ്ഥനും പ്രതിരോധത്തിലായി .കടലയിൽ അറിയാതെ വീണതാകാം എന്നും മറ്റും മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത് .
യുവതി പരാതിപ്പെട്ടതിനെ തുടർന്ന് തിരുവനതപുരം നഗരസഭാ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അതോറിറ്റിയും ഹോട്ടലിൽ പരിശോധന നടത്തുകയാണിപ്പോൾ .തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഇവിടെ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതെന്ന് മുന്പും പരാതി ഉയർന്നിട്ടുണ്ട് .

