Saturday, December 20, 2025

ഇത് വരെ വാഹനം പോസ്റ്റിലേക്ക് ഇടിച്ചുകയറി നശിച്ചത് 10 AI ക്യാമറകൾ ; ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ക്യാമറകൾ ആര് മാറ്റിസ്ഥാപിക്കുമെന്നതിൽ ഉത്തരമില്ലാതെ സർക്കാരും കെൽട്രോണും!

തിരുവനന്തപുരം : സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറ പദ്ധതിയിലെ ക്യാമറകളുടെ സുരക്ഷയിലും കേടായാൽ ആരു മാറ്റിസ്ഥാപിക്കുമെന്നതിലും ഉത്തരമില്ലാതെ സർക്കാരും കെൽട്രോണും. 9.9 ലക്ഷം രൂപ മുടക്കിയതായി കെൽട്രോൺ അവകാശപ്പെടുന്ന ക്യാമറയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. നിലവിൽ 10 ക്യാമറകളാണ് വാഹനം പോസ്റ്റിലേക്ക് ഇടിച്ചുകയറി പൂർണമായി നശിച്ചത്. ഇത് ആരു മാറ്റിസ്ഥാപിക്കുമെന്ന് കരാറിൽ വ്യവസ്ഥയില്ല.
അപകടവും പ്രകൃതി ദുരന്തവും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ സർക്കാരാണ് വഹിക്കേണ്ടതെന്നും ഇതാണ് മുൻകാല ഇടപാടുകളിലെ കീഴ്‌വഴക്കവുമെന്നും പറഞ്ഞ് തടിതപ്പുകയാണ് കെൽട്രോൺ. എന്നാൽ ക്യാമറയ്ക്കു കേടു വന്നാൽ മാറ്റിവയ്‌ക്കേണ്ടത് കെൽട്രോൺ ആണെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നത്. പക്ഷേ ഇക്കാര്യം കരാറിൽ ഉൾപ്പെടുത്തിയില്ല.

പോസ്റ്റിൽ വാഹനം ഇടിക്കുകയോ ആരെങ്കിലും നശിപ്പിക്കുകയോ ചെയ്താൽ ആക്രമണത്തിനിരയായ ക്യാമറകളിൽ നിന്ന് ആ ദൃശ്യം കിട്ടില്ല. ഇതിനെ മറികടക്കാൻ 726 ക്യാമറയ്ക്കുമൊപ്പം രണ്ടുവീതം നിരീക്ഷണ ക്യാമറകൾ കൂടി വയ്ക്കാനാണ് ഇപ്പോഴത്തെ ആലോചന.

അത്തരം ക്യാമറകൾക്കും അനുബന്ധ സംവിധാനത്തിനുമായി ക്യാമറ ഒന്നിന് 18,000 രൂപ വേണ്ടിവരുമെന്നാണ് കെൽട്രോൺ പറയുന്നത് . ഇത്തരത്തിൽ 726 റോഡ് ക്യാമറകൾക്കും 2 ക്യാമറ വീതം നിരീക്ഷണ ക്യാമറ വയ്ക്കണമെന്നാണ് ഇപ്പോൾ പറയുന്നത് . ഇതിന്റെ ചെലവായ 2.6 കോടി സർക്കാർ മുടക്കണമെന്നാണു കെൽട്രോണിന്റെ ആവശ്യം.

അതെസമയം 10 വർഷം മുമ്പ് പൊലീസിനായി കെൽട്രോൺ സ്ഥാപിച്ച 100 ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 20 എണ്ണം മാത്രമാണ്. മോട്ടർ വാഹന വകുപ്പിനു വേണ്ടി സ്ഥാപിച്ചവയിൽ ഭൂരിഭാഗവും നന്നാക്കാത്തത് അറ്റകുറ്റപ്പണി സംബന്ധിച്ച് കൃത്യമായ വ്യവസ്ഥ ഇല്ലാത്തതിനാലാണ് എന്നാണ് വിവരം .

Related Articles

Latest Articles