Monday, May 20, 2024
spot_img

പകല്‍ സന്ധ്യക്ക് സമാനം; വലയ സൂര്യഗ്രഹണം കണ്ട സായൂജ്യത്തില്‍ കേരളം

തിരുവനന്തപുരം: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കണ്ട് മലയാളികള്‍. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായി കാണാനായത്. കണ്ണൂര്‍ കോഴിക്കോട് അടക്കം വടക്കന്‍ ജില്ലകളിലും സൂര്യഗ്രഹണം വ്യക്തമായി കാണാനായി. വയനാട്ടിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് മൂടല്‍ മഞ്ഞും മഴമേഘങ്ങളും കാരണം അവ്യക്തമായിരുന്നു

രാവിലെ 8.4 നാണ് സൂര്യഗ്രഹണം തുടങ്ങിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അങ്ങിങ്ങായി ഒത്തുകൂടിയത്.

9.24 നാണ് കാസര്‍കോട് വലയ സൂര്യഗ്രഹണം ദൃശ്യമായത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ മറ്റ് ജില്ലകളിലും വലയ സൂര്യഗ്രഹണം കാണാന്‍ സാധ്യമായി. തെക്കന്‍ കേരളത്തില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും പൂര്‍ണമായല്ലെങ്കിലും വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. 92 ശതമാനത്തിനടുത്ത് ഗ്രഹണം ഈ മേഖലകളില്‍ ദൃശ്യമായിരുന്നു.

പകല്‍ തുടക്കത്തില്‍ തന്നെ സന്ധ്യയായ പോലെയുള്ള പ്രതീതിയാണ് സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സമയത്ത് സൂര്യന്‍ പൂര്‍ണ്ണമായോ ഭാഗികമായോ മറയ്ക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂഗ്രഹണം എന്ന് പറയുന്നത്. വലയ രൂപത്തില്‍ ചന്ദ്രന്‍ സൂര്യനെ മറച്ച ശേഷം സാവധാനം പുറത്തേക്ക് വരുന്ന രീതിയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്.

ഗ്രഹണം കാണാന്‍ സംസ്ഥാനത്ത് ഒരുക്കിയ സജീകരണങ്ങളില്‍ ഏറെയും പ്രയോജനപ്പെടുത്തിയത് കുട്ടികളായിരുന്നു. എല്ലായിടങ്ങളിലും സ്‌കൂളുകളുടേയും സയന്‍സ് ക്ലബുകളുടേയും മറ്റും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുകയും ചെയ്തിരുന്നു. സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസം കാണാനും അതിനെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും ഉള്ള സൗകര്യങ്ങളാണ് എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്.

Related Articles

Latest Articles