Monday, December 22, 2025

അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചു ! ആരോപണവുമായി മുൻമന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചതായും അവരെയാണ് ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയതെന്നും മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു

‘മാദ്ധ്യമങ്ങള്‍ക്ക് ആരാണ് പരാതി എഴുതികൊടുത്തത് എന്ന് അറിയില്ല. അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചു. അവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാം. എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം. ഐഎന്‍എല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. ഏതൊരു പാര്‍ട്ടിക്കും അച്ചടക്കമുണ്ടെങ്കിലേ മുന്നോട്ടേക്ക് പോകാനാകൂ. പാര്‍ട്ടിക്കകത്ത് അച്ചടക്കവിരുദ്ധമായി പ്രവര്‍ത്തിച്ച ആളുകളെ അന്വേഷണം നടത്തിയാണ് പുറത്താക്കിയിട്ടുള്ളത്. പാര്‍ട്ടി ഒരു പിളര്‍പ്പിനേയും നേരിട്ടിട്ടില്ല. പാര്‍ട്ടിക്ക് ആദ്യമായി അധികാരം ലഭിച്ച ഘട്ടത്തില്‍ പാര്‍ട്ടിയിലെ ചില അധികാരമോഹികള്‍ക്ക് നിരാശയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. അവരത് പ്രകടിപ്പിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് എന്നെ പുറത്താക്കാന്‍ കഴിയുമോയെന്നാണ് ശ്രമിച്ചത്” – അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവച്ചത്. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു അഹമ്മദ് ദേവർകോവിൽ. ​ഗതാ​ഗത വകുപ്പ് മന്ത്രിയായിരുന്നു ആന്റണി രാജു. അതേസമയം, പുതിയ മന്ത്രിമാർ 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്.

Related Articles

Latest Articles