Sunday, June 16, 2024
spot_img

ഗതി പിടിക്കാതെ I.N.D.I മുന്നണി ! ഹിന്ദി സംസാരിക്കുന്നവര്‍ ശൗചാലയം വൃത്തിയാക്കുന്നുവെന്ന ഡിഎംകെ. എംപി ദയാനിധി മാരന്റെ പഴയ പ്രസംഗത്തില്‍ വിവാദം കൊഴുക്കുന്നു; രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിആര്‍എസ് നേതാവ് കെ കവിത

ഹിന്ദി സംസാരിക്കുന്നവര്‍ ശൗചാലയം വൃത്തിയാക്കുന്നുവെന്ന ഡിഎംകെ. എംപി ദയാനിധി മാരന്റെ പഴയ പ്രസംഗത്തില്‍ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിആര്‍എസ് നേതാവ് കെ കവിത രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണെന്ന്‌ പരിഹസിച്ച കവിത, ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തെയും രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ ഒരു പ്രമുഖ വാർത്ത ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല മറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഘടനയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കാര്യം. രാഹുലിന്റെ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണിവര്‍. രാജ്യത്തെ ഒരുമിക്കുന്നതിനായി നടത്തുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് നിരവധി പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്താറുണ്ടല്ലോ. എന്നാല്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയ നാതന ധര്‍മ പരാമര്‍ശത്തില്‍ അദ്ദേഹം സംസാരിക്കാതിരുന്നപ്പോള്‍ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണ് തോന്നുന്നത്. ചില വിഭാഗം ആളുകളുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇവ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ രാജ്യത്തെ വിഭജിക്കുകയാണ്.

സനാതന ധര്‍മ വിവാദത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലായിരുന്നു. ഈ പരാമര്‍ശത്തെ ചെറുതായി കാണരുതായിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രസ്താവനകള്‍ നടത്തി രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കണം.

എന്തുകൊണ്ടാണ് നിങ്ങള്‍ (രാഹുൽ ഗാന്ധി ) ഇപ്പോള്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കാത്തത്? നിങ്ങള്‍ ഹിന്ദുക്കള്‍ക്കും തൊഴിലാളികള്‍ക്കും ഹിന്ദി സംസാരിക്കുന്നവര്‍ക്കും എതിരല്ലെന്ന് രാജ്യത്തെ നിങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തണം” – കെ കവിത പറഞ്ഞു.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ വന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡുകളും ശുചിമുറിയും വൃത്തിയാക്കുകയുമാണെന്ന ദയാനിദി മാരന്‍ 2019ല്‍ പറയുന്ന ക്ലിപ്പ് വലിയ വിവാദമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചവർ ഐടി കമ്പനികളിൽ ജോലി ചെയ്യുമ്പോൾ ഹിന്ദി മാത്രം പഠിച്ചവർ തുച്ഛമായ വേതനത്തിലും ജോലി ചെയ്യുകയാണെന്നുമായിരുന്നു ദയാനിധി മാരന്റെ പരിഹാസം.

Related Articles

Latest Articles