തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. ഇന്നലെ മാത്രം നടന്നത് 70.73 കോടി രൂപയുടെ മദ്യവിൽപ്പനയാണ്. കഴിഞ്ഞ വർഷം ഇതേ ദിനത്തിൽ 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഡിസംബർ 22, 23 തീയതികളിലായി 84 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടി രൂപയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്.
ചാലക്കുടി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരി ഔട്ട്ലെറ്റും മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റുമാണ്. അതേസമയം സാധാരണഗതിയിൽ മദ്യവിൽപനയിൽ മുൻ പന്തിയിലുണ്ടായിരുന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റ് ഇപ്രാവശ്യം നാലാം സ്ഥാനത്തേക്ക് വീണു.

