Sunday, June 2, 2024
spot_img

ചുവരില്‍ ചേർത്തുനിര്‍ത്തി കഴുത്ത് ഞെരിച്ചു, ചുറ്റിക കൊണ്ടുള്ള അടിയിൽ തലയോട്ടി പിളർന്നു; അച്ഛനെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ

വർക്കല: അച്ഛനെ തലയ്ക്ക് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വർക്കല പനയറ എണാറുവിള കോളനി കല്ലുവിള വീട്ടില്‍ സത്യനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സത്യന്റെ 30കാരനായ മൂത്തമകന്‍ സതീഷിനെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു.

സംഭവ ദിവസം സത്യൻ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രിയാണ് സത്യനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. എന്നാൽ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് വിശദമായി അന്വേഷണം നടത്തിയാണ് കൊലപാതകം തെളിയിച്ചത്.

സത്യന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ സത്യന്‍, ജോലികഴിഞ്ഞ് കിടന്നുറങ്ങുകയായിരുന്ന മകന്‍ സതീഷുമായി വഴക്കിടുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ സതീഷ് ജോലിക്കുപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ച് സത്യന്റെ തലയ്ക്കടിക്കുകയും ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്തുഞെരിക്കുകയുമായിരുന്നു. തുടര്‍ന്ന് നിലത്തേക്ക് തള്ളിവീഴ്ത്തുകയുമായിരുന്നു.

പിന്നാലെ അയല്‍ക്കാരാണ് സത്യനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരാണ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭനയും വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടില്‍ വഴക്ക് പതിവായതിനാല്‍ അവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ വീടിനു പിന്നിലിരുന്ന് പാത്രം കഴുകുകയായിരുന്നു.

അതേസമയം സത്യനും മകനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും പതിവാണെന്ന വിവരം നാട്ടുകാരില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ആയുധം ഉപയോഗിച്ചുള്ള അടിയില്‍ തലയോട്ടി പിളര്‍ന്നതും കഴുത്തുഞെരിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിലയിരുത്തല്‍. ഇതോടെയാണ് മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടർന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുക്കുകയും കൊല നടത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു സത്യനും സതീഷും.

Related Articles

Latest Articles