തൃപ്പുണിത്തുറ: അമിതമായി മദ്യപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരനാണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ എന്നു വിളിക്കുന്ന അമലിനെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് എട്ടോടെയാണ് കരുണാകരന് തലയ്ക്കടിയേറ്റത്. പതിവായി ഇവരുടെ കുടുംബത്തിൽ വഴക്കുണ്ടാകാറുള്ളത് കൊണ്ട് സമീപവാസികൾ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭർത്താവിന്റെ തലയ്ക്ക് പരുക്കേറ്റത് ഗൗനിച്ചില്ല. തുടർന്ന് ഇന്ന് പുലർച്ചെ മൂന്നോടെ ഭർത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തൃശൂരിൽ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ചറിയിക്കുകയായിരുന്നു.
ഇതോടെ മൂത്തമകൻ വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് സമീപവാസികൾ വന്നു നോക്കുമ്പോൾ തുണി കൊണ്ട് പുതച്ച നിലയിൽ കരുണാകരൻ മരിച്ചു കിടക്കുകയായിരുന്നു. പിന്നീട് സംഭവം അറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസെത്തി തുടർനടപടികൾ സ്വീകരിക്കുകയും അമലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാത്രമല്ല കോവിഡ് വന്ന് ക്വാറന്റൈനിലായിരുന്ന കുടുംബത്തിലുള്ളവർ ഇന്നലെയാണ് പുറത്തിറങ്ങിയത്.

