Tuesday, May 14, 2024
spot_img

ഇന്റലിജൻസ് റിപ്പോർട്ട് ചോർച്ച: സംസ്ഥാനപോലീസിന്റെ ഗുരുതര വീഴ്ച്ചയിൽ കേന്ദ്ര ഏജൻസികൾക്ക് അതൃപ്‌തി; സുരക്ഷയൊരുക്കാൻ ഐ ബി യും എസ പി ജി യും നേരിട്ട്; കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ ഐ ബി ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനോടനുബന്ധിച്ചുള്ള ഇന്റെലിജൻസ് റിപ്പോർട്ട് ചോർന്നതിൽ കേന്ദ്ര ഏജൻസികൾക്ക് കടുത്ത അതൃപ്‌തി. വി വി ഐ പി സുരക്ഷാ മാനദണ്ഡങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ കേരളാ പോലീസ് പരാജയപ്പെട്ടതായി കേന്ദ്രം വിലയിരുത്തുന്നു. സുരക്ഷാ വീഴ്ച്ച സംബന്ധിച്ച കേരളാ പോലീസിന്റെ റിപ്പോർട്ടിൽ കേന്ദ്രം പ്രതികരിച്ചതേയില്ല. പകരം വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ ബി ക്ക് നിർദ്ദേശം നൽകുകയാണ് ചെയ്‌തിരിക്കുന്നത്‌. ഐ ബി യുടെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ നിലവിലെ സുരക്ഷാപ്ലാൻ അടിമുടി മാറ്റി. എസ്.പി.ജി.യുടെ നിർദേശമനുസരിച്ചാണിത്. ഉന്നത ഉദ്യോഗസ്ഥർക്കും നേരത്തേ നൽകിയ ചുമതലകൾ ഇപ്പോഴില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കുള്ള സംസ്ഥാന പോലീസിന്റെ പ്ലാൻ തയ്യാറാക്കിയതും കേന്ദ്ര ഐ.ബി.യും എസ്.പി.ജി.യും ചേർന്നാണ്. ചുരുക്കത്തിൽ കേരളാ പോലീസിനെ മാറ്റിനിർത്തി പ്രധാനമന്ത്രിയുടെ സുരക്ഷ എസ്‌ പി ജി യും ഇന്റെലിജൻസ് ഏജൻസികളും ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, റിപ്പോർട്ട് ചോർന്നത് തലസ്ഥാനനഗരം കേന്ദ്രീകരിച്ച് ഒരു ഡിവൈ.എസ്.പി. വഴിയാണെന്ന് പ്രാഥമികമായി മനസ്സിലാക്കിയിട്ടുണ്ട്. ഉറവിടം അറിയാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ കീഴിൽ അന്വേഷണവും നടക്കുന്നുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ വി. അജിത്തിനാണ് ചുമതല. ഇന്റലിജൻസ് റിപ്പോർട്ട് ചോർച്ചയ്ക്കു പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഒഴിവുവരുന്ന ഡി.ജി.പി. സ്ഥാനത്തേക്കുള്ള വടംവലികളാണ് റിപ്പോർട്ട് ചോർച്ചയ്ക്കിടയാക്കിയതെന്ന ആരോപണവും ശക്തമാണ്.

നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, മദനിയുടെ പാര്‍ട്ടിയായ പിഡിപി, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, മാവോയിസ്റ്റുകള്‍, തീരപ്രദേശത്തെ ശ്രീലങ്കന്‍ തീവ്രവാദികളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചൊക്കെ പുറത്തായ ഇന്റെലിജൻസ് റിപ്പോര്‍ട്ടിലുണ്ട്. എലത്തൂരില്‍ തീവണ്ടിയില്‍ പെട്രോളൊഴിച്ച് കത്തിച്ച് ഭീകരാക്രമണത്തിന് ശ്രമിച്ചയാള്‍ പിടിയിലായത് അടുത്തിടെയാണ് . ഇത് ഭീകരാക്രമണംതന്നെയാണെന്ന് കണ്ടെത്തി എന്‍ഐഎ കേസ് ഏറ്റെടുത്തിരിക്കുകയാണ്. കശ്മീരിലെ പുല്‍വാമ ആക്രമണത്തിനുശേഷവും വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യവും രഹസ്യറിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഈ റിപ്പോർട്ട് ചോർന്നതാണ് കേന്ദ്രം ഇപ്പോൾ ഗൗരവമായി അന്വേഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടികൾക്ക് ശേഷമാകും ഐ ബി വിശദമായ റിപ്പോർട്ട് നൽകുക

Related Articles

Latest Articles