Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിന് ഇന്ന് തുടക്കം; ജനലക്ഷങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോ, ഒന്നര ലക്ഷം യുവാക്കൾ പങ്കെടുക്കുന്ന യുവം 2023; തിരക്കിട്ട പരിപാടികളുമായി മോദി ഇന്ന് കൊച്ചിയിൽ; നാളെ തിരുവനന്തപുരത്ത് അതിവേഗവികസനത്തിന്റെ പച്ചക്കൊടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളം സന്ദർശനം ഇന്ന് ആരംഭിക്കും.ഇന്ന് വൈകീട്ട് 05:00 മണിക്ക് കൊച്ചി നാവികസേനാ ആസ്ഥാനത്താണ് അദ്ദേഹം വിമാനമിറങ്ങുക. തുടർന്ന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തേവര കോളേജ് വരെയാണ് റോഡ് ഷോ. വലിയ ജനപങ്കാളിത്തമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് റോഡ് ഷോയുടെ ദൈർഘ്യം നേരത്തെ 01.80 കിലോമീറ്ററായി വർധിപ്പിച്ചിരുന്നു. റോഡ് ഷോയ്ക്ക് ശേഷം ഒന്നരലക്ഷം യുവാക്കൾ പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ മോദി പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തന്റെ കേരളാ സന്ദർശനത്തെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് കൊച്ചി ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2000 ത്തിലധികം പോലീസുകാരാണ് കൊച്ചിയിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതിനെ തുടർന്ന് ഐ ബി യും എസ് പി ജി യും സുരക്ഷാ ചുമതലകൾ നേരിട്ട് ഏറ്റെടുത്തു. ഐ ബി യുടെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ നിലവിലെ സുരക്ഷാപ്ലാൻ അടിമുടി മാറ്റി. എസ്.പി.ജി.യുടെ നിർദേശമനുസരിച്ചാണിത്. ഉന്നത ഉദ്യോഗസ്ഥർക്കും നേരത്തേ നൽകിയ ചുമതലകൾ ഇപ്പോഴില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കുള്ള സംസ്ഥാന പോലീസിന്റെ പ്ലാൻ തയ്യാറാക്കിയതും കേന്ദ്ര ഐ.ബി.യും എസ്.പി.ജി.യും ചേർന്നാണ്. ചുരുക്കത്തിൽ കേരളാ പോലീസിനെ മാറ്റിനിർത്തി പ്രധാനമന്ത്രിയുടെ സുരക്ഷ എസ്‌ പി ജി യും ഇന്റെലിജൻസ് ഏജൻസികളും ഏറ്റെടുത്തിരിക്കുകയാണ്.

Related Articles

Latest Articles