Friday, May 3, 2024
spot_img

ഐപിഎല്ലില്‍ ശമ്പളമായി മാത്രം 100 കോടി; ചരിത്ര നേട്ടത്തിനരികെ ഈ താരം

ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ ചരിത്ര നേട്ടത്തിനരികെ. ശമ്പളമായി മാത്രം 100 കോടി ഐപിഎല്ലില്‍ തികയ്ക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് എബിഡി. പുതിയ സീസണില്‍ ബംഗളൂരുവിനായി കളിക്കുന്നതോടെ ഐപിഎല്‍ 100 കോടി ക്ലബില്‍ എബി ഡിവില്ലേഴ്‌സും ഇടംപിടിയ്ക്കുക.

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് എബിഡി. ബാറ്റിങ് മികവ് കൊണ്ട് മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള ശേഷി ഈ 36 കാരനുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം സ്വന്തമാക്കിയ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ എബിഡി ആറാംസ്ഥാനത്തുണ്ട്. 91.5 കോടിയാണ് ഇതുവരെ നടന്ന 13 സീസണുകളിലായി ശമ്പളമായി അദ്ദേഹം ഏറ്റുവാങ്ങിയത്. നിലവില്‍ ആര്‍സിബി പ്രതിവര്‍ഷം 11 കോടിയാണ് എബിഡിക്കു പ്രതിഫലമായി നല്‍കുന്നത്. പുതിയ സീസണിലും ഇതേ ശമ്പളം തന്നെ നല്‍കുന്നതോടെ എബിഡിയുടെ ശമ്പളം 100 കോടി കടക്കുകയും ചെയ്യും.

ഐപിഎല്‍ ചരിത്രത്തിൽ മൂന്നു താരങ്ങള്‍ മാത്രമേ ശമ്പളമായി 100 കോടി നേടിയിട്ടുള്ളു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവരാണിത്. ഈ എലൈറ്റ് ക്ലബിലേക്കാണ് ഡിവില്ലേഴ്‌സും ഇടംപിടിയ്ക്കുക.

2010ല്‍ ഡല്‍ഹി ടീമില്‍ എബിഡിയുടെ ശമ്പളം 1.38 കോടിയായിരുന്നു. എന്നാല്‍ 2011ല്‍ ആര്‍സിബിയേക്കു മാറിയതോടെ ഇതു 5.6 കോടിയായി ഉയര്‍ന്നു. പിന്നീട് ഓരോ സീസണ്‍ തോറും ഇതു കൂടിക്കൊണ്ടിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 169 മല്‍സരങ്ങളില്‍ നിന്നായി 40.40 ശരാശരിയോടെ 4849 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Related Articles

Latest Articles