Saturday, May 18, 2024
spot_img

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; കൂട്ടപ്പലായനം നടത്തി ജനങ്ങൾ; ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ക്യാമ്പ് സജ്ജമാക്കി ഇന്ത്യ

ചെന്നൈ: ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ക്യാമ്പ് സജ്ജമാക്കി ഇന്ത്യ(Sri Lanka Crisis). കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ പൊള്ളുന്ന വിലയാണ്.

ഈ സാഹചര്യത്തിൽ രാജ്യത്തു നിന്നും കൂട്ടപ്പലായനം നടത്തുകയാണ് ജനങ്ങൾ. ഇത്തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാർത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. അഭായർത്ഥികളെ ക്യാമ്പിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ, അഭയാർത്ഥികളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയിൽ 67 ക്യാമ്പുകൾ സജ്ജമെന്ന് അധികൃതർ അറിയിച്ചു.

ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേർ അഭയാർത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ വിലയിരുത്തൽ. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.
തീരസംരക്ഷണ സേനയും തമിഴ്നാട് പോലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം കടൽദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാർഡ് നിരീക്ഷിക്കുന്നുണ്ട്.

അതേസമയം ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായിരിക്കുകയാണ്. രാജ്യതലസ്ഥാനമായ കൊളംബോയിലടക്കം അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധന വിതരണ കേന്ദ്രങ്ങളുടെ എല്ലാം നിയന്ത്രണം പട്ടാളം ഏറ്റെടുത്തിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്.

പണം നല്‍കിയാലും ഒന്നും കിട്ടാനില്ലാത്ത അവസ്ഥയാണ് പല മേഖലകളിലും. രാജ്യത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് തള്ളിവിട്ട പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയില്‍ ശക്തമാണ്. പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന രാജ്യമാണ് ശ്രീലങ്ക. കടത്തുകൂലി ഡോളറില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്‌നര്‍ ഭക്ഷണ വസ്തുക്കള്‍ കപ്പലില്‍ നിന്നും ഇപ്പോഴും ഇറക്കാനായിട്ടില്ല. നിലവില്‍ ഇന്ത്യ വായ്പയായി നല്‍കിയ പണം മാത്രമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്.

Related Articles

Latest Articles