കൊളംബോ: ശ്രീലങ്കയിൽ കൂട്ടപ്പലായനമെന്ന് റിപ്പോർട്ട്( Sri Lankan Crisis ). ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണെന്നാണ് വിവരം.
അതേസമയം സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോഷം കത്തുകയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകര്‍ച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ശ്രീലങ്കയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് ചൈന അനുവദിച്ചേക്കുമെന്നാണ് സൂചന.
2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. 2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്.

