തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊന്ന കേസില്‍ പ്രതിയായ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന് ജയിൽവാസം ഇല്ല, ശ്രീറാമിന്റെ ചികിത്സ മെഡിക്കൽ കോളേജിൽ നടക്കും. കേസിൽ ശ്രീറാമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പ്രതി സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞത് വിവാദമായിരുന്നു.
ശ്രീറാമിനെ രക്ഷിക്കുന്നതിനായി പോലീസ് ഒളിച്ചുകളി തുടരുകയാണ്. ശ്രീറാമിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേട്ട് വ്യക്തമാക്കിയിട്ടും മുഖാവരണം ധരിപ്പിച്ചാണ് സ്ട്രെക്ചറില്‍ കൊണ്ടുപോയത്. ജയിലിലേക്കുള്ള വഴിയിലും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ശ്രീറാമിനെ പരമാവധി അകറ്റി പോലീസ് അനാസ്ഥ തുടര്‍ന്നു.
ഏത് ഉന്നതനും പ്രത്യേക പരിരക്ഷ നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കാണ് ഇവിടെ പോലീസുകാര്‍ പാഴ്വാക്കാക്കിയത്.ശ്രീറാമിന് ജാമ്യം കിട്ടുന്നത് വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ഗൂഢനീക്കമാണ് പോലീസിന്‍റേതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

