Monday, April 29, 2024
spot_img

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു; ഐഎഎസുകാരനെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നാറിനെ വിറപ്പിച്ച ഐ എ എസ്സുകാരനെ രക്ഷിക്കാനൊരുങ്ങി പോലീസ്. അമിത വേഗതയിൽ എത്തിയ കാറിൽ അടിച്ചു ഫിറ്റായി ഉണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമാണ് ഇന്ന് പുലർച്ചെ സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഇടിച്ചു തെറുപ്പിച്ചത്. സർവ്വേ ഡയറക്‌ടറുടെ കൂടെ ഒരു വനിതാ സുഹൃത്തും വണ്ടിയിൽ വണ്ടിയിൽ ഉണ്ടായിരുന്നതായാണ് വിവരം. വാഫാ ഫിറോസ് എന്ന യുവതിയുടേതാണ് കാർ എന്നാണു ലഭിക്കുന്ന വിവരം. മ്യൂസിയത്തിന് മുമ്പിലുള്ള പബ്ലിക് ഓഫീസിന് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. വഴി വിളക്കും അപകടത്തിൽ പൂർണ്ണമായും തകർന്നു. അതിന് ശേഷം അതി നാടകീയ രംഗങ്ങളാണ് അവിടെ ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങുന്നു.

ഒന്ന് ശ്രീറാം വെങ്കിട്ടരാമൻ. മറ്റേത് സ്ത്രീയും. ശ്രീറാം മദ്യപിച്ചിരുന്നതായും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി. അപ്പോൾ തന്നെ ഒപ്പമുള്ളത് ഐഎഎസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരമനെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് തന്ത്രപരമായി യുവതിയെ വെറുതെ വിട്ടു. യുവതിയെ യൂബറിൽ പോകാനും അനുവദിച്ചു. അതുകൊണ്ട് തത്സമയത്ത് അവരുടെ മെഡിക്കൽ പരിശോധനയും നടന്നില്ല.തുടക്കത്തിൽ ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയില്ല. എന്നാൽ ആശുപത്രി പ്രവേശിപ്പിച്ച ശ്രീറാമിനെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

മാധ്യമ പ്രവർത്തകർ ബഹളമുണ്ടാക്കിയപ്പോഴാണ് ശ്രീറാമിനേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിനാൽ സിസിടിവി ദൃശ്യപരിശോധനയിൽ വാഹനം ഓടിച്ചത് യുവതിയെന്ന് വ്യക്തമായാൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താൽ മതിയാകും. അതിനുള്ള കള്ളക്കളികളാണ് ഇപ്പോൾ നടക്കുന്നതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോയിലൂടെ വ്യക്താമാകുന്നത്. അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരിച്ചെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. കെ എൽ 01 ബിഎം 360 എന്ന നമ്പറിലെ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയെ വിവാദത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ അപകടം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതിയെ വൈദ്യപരിശോധന നടത്തിയിരുന്നില്ല എന്നതും പോലീസിന്റെ അനാസ്ഥയെ വെളിപ്പെടുത്തുന്നതാണ്. യുവതിയായതു കൊണ്ടാണ് ഈ പരിഗണനയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സമയം കഴിഞ്ഞ് വൈദ്യപരിശോധന എടുത്താൽ മദ്യപിച്ചാണോ യുവതിയും കാറിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഇതിന് വേണ്ടിയാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന ആരോപണം അതിശക്തമാണ്.

ഇന്ന് രാവിലെ യുവതിയുടെ വൈദ്യപരിശോധന നടന്നു. അപകടത്തിൽ ബഷീറിന്റെ ബൈക്ക് പൂർണ്ണമായും തകർന്നു. മതിലിനോട് ഇടിച്ച് ചേർക്കുകയാണ് ഉണ്ടായത്. ബഷീറിന്റെ മരണവും തൽക്ഷണമുണ്ടായി. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാം വെങ്കിട്ടരാമന് കൈയ്ക്കും. ഈ പരിക്ക് ഗുരുതരമല്ല. ഇനി പ്രധാനം വാഹനം ഓടിച്ചത് ആരെന്ന് കണ്ടെത്തുകയാണ്. ഇതിന് വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കാർ തന്റേതാണെന്നും ഓടിച്ചത് താനാണെന്നും യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് സിസിടിവി പരിശോധന. കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞാൽ ഐഎഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ്ടിയും വരും.

അച്ചടക്ക നടപടിക്കും വിധേയനാകും.അതുകൊണ്ട് തന്നെ പോലീസിന്റെ ഭാഗത്തുനിന്നും കേസ് അട്ടിമറിക്കാനും ശ്രീറാം വെങ്കിട്ടരാമന് സഹായം നൽകാനുമുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. കൊല്ലത്ത് സിറാജ് പ്രെമോഷൻ സമിതിയുടെ യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടം. പത്രപ്രവർത്തക യൂണിയനിലും മറ്റും സജീവമായ ബഷീർ സിറാജിലെ അവകാശ പോരാട്ടത്തിനും നേതൃത്വം കെ എം ബഷീർ നൽകിയിട്ടുണ്ട്. 2004 ലാണ് തിരൂർ പ്രാദേശിക റിപ്പോർട്ടറായി കെ എം ബഷീർ സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ചു.പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

Related Articles

Latest Articles