Wednesday, May 15, 2024
spot_img

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സംഭവത്തിൽ പോലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നും സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും ഡ്രൈവർ യദു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മേയറും സംഘവും സീബ്രാലൈനിനു കുറുകെ കാറിട്ട് ബസ് തടയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആവശ്യപ്പെട്ടു. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറൽ ആണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് ആരോപിച്ചു.

അതേസമയം സംഭവത്തിലെ ദൃക്സാക്ഷികളോട് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസര്‍വേഷനില്‍ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് ‌സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു.

Related Articles

Latest Articles