ചെന്നൈ : സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. ഇതിനെത്തുടർന്ന് ഇനി മുതൽ അന്വേഷണം നടത്തുന്നതിന് മുമ്പ് സിബിഐ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം. നേരത്തെ ബംഗാൾ, രാജസ്ഥാൻ, കേരളം, മിസോറാം, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ജയലളിത മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത നിലവിലെ തമിഴ്നാട് വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
1946ലെ ദില്ലി പൊലീസ് നിയമത്തിലാണ് അന്വേഷണങ്ങൾക്ക് സംസ്ഥാനത്തിന്റെ അനുമതി നിർബന്ധമാക്കിയത്. എന്നാൽ 1989ലും 1992ലും ചില ഭേദഗതികൾ വരുത്തിയിരുന്നു. ഈ ഭേദഗതികളാണ് ഇപ്പോൾ പിൻവലിച്ചത്. അതെസമയം സർക്കാരിന്റെ പുതിയ ഉത്തരവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയ്ക്ക് ബാധകമാകില്ല.

