Saturday, May 18, 2024
spot_img

രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന: 1 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വക്കീൽ നോട്ടിസ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസമുണ്ടായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ഗോവിന്ദന്റെ പ്രസ്താവനയിലാണ് വക്കീൽ നോട്ടീസ് അയച്ചത്. അഡ്വ. മൃദുൽ ജോൺ മാത്യു മുഖാന്തരമാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

യഥാർഥ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഇതു മാനഹാനിയുണ്ടാക്കിയെന്നും വാർത്താ സമ്മേളനം വിളിച്ച് ഗോവിന്ദൻ മാപ്പു പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരം പിന്നീട് വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ നിർദേശിക്കുകയും അദ്ദേഹം മെഡിക്കലി ഫിറ്റാണെന്ന റിപ്പോർട്ട് പ്രകാരം ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഎം രംഗത്തുവന്നത്.

രാഹുൽ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കാന്‍ ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസം.

Related Articles

Latest Articles