Friday, May 17, 2024
spot_img

പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പാക് അധിനിവേശ കശ്മീർ സന്ദർശനം !ഭാരതത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ! ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധമറിയിച്ചു

പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റ് പാക് അധിനിവേശ കശ്മീരിന്റെ ഭാഗമായ മിർപൂർ സന്ദർശനം നടത്തിയതിൽ പ്രതിഷേധമറിയിച്ച് ഭാരതം. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഭാരതത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മാസം പത്തിനായിരുന്നു ജെയ്ൻ മാരിയറ്റിന്റെ മിർപുർ സന്ദർശനം. സന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാദ്ധ്യമമായ എക്സിലൂടെ ജെയ്ൻ മാരിയറ്റ് പങ്കുവച്ചിരുന്നു.

സംഭവത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി എക്കാലവും നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബറിലെ പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാക് അധിനിവേശ കശ്മീർ നമ്മുടേതാണെന്ന് ഊന്നിപ്പറയുകയും, ജമ്മു കശ്മീർ നിയമസഭയിൽ പാക് അധിനിവേശ കശ്മീരിനായി 24 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ബിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, പാകിസ്ഥാനിലെ അമേരിക്കൻ അംബാസഡർ ഡൊണാൾഡ് ബ്ലോമ് പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ സന്ദർശനത്തെക്കുറിച്ച് ഭാരതം അമേരിക്കയോട് ആശങ്ക ഉന്നയിച്ചിരുന്നു.

Related Articles

Latest Articles