ടെല്‍ അവീവ് : ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറ പറ്റി ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിന്റെ പേരിലാണ് വിലക്ക്.
ഇറാന്റെ ആക്രമണമുണ്ടായതിന് ശേഷം പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും പോർച്ചുഗീസുകാരനായ ഗുട്ടെറെസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആക്രമണം നടത്തിയ ഇറാനെ പേരെടുത്ത് പരാമര്‍ശിച്ചില്ല. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.
ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഗുട്ടെറെസിനെ ‘ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍ എന്നാണ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനെ ഇസ്രയേല്‍ ‘പേഴ്സണ നോണ്‍ ഗ്രാറ്റ’ (അസ്വീകാര്യനായ വിദേശ പ്രതിനിധി / നയതന്ത്രജ്ഞന്‍) ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. ‘ഇറാന്റെ ക്രൂരമായ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രയേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല’ എന്നും കാറ്റ്സ് വ്യക്തമാക്കി. ‘യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നയമാണെന്നും കാറ്റ്സ് തുറന്നടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോം ഇതിൽ 178 എണ്ണത്തിനെയും വെടിവച്ചിട്ടു. രണ്ടെണ്ണമാണ് ഇസ്രയേലിൽ പതിച്ചത്. ഇതിൽ ആൾനാശമുണ്ടായിട്ടില്ല.

