ചെന്നൈ : ഹാർദിക് പാണ്ഡ്യയുടെ സ്ഥിരം വേട്ടമൃഗമായി മാറി ഓസ്ട്രേലിയന്‍ നായകൻ സ്റ്റീവ് സ്മിത്ത്. ഏകദിനങ്ങളില്‍ ഇത് അഞ്ചാം തവണയാണ് സ്മിത്ത് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് നഷ്ടമായി തിരികെ നടക്കുന്നത്. ഇതോടെ സ്മിത്തിനെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടവും ഹാര്‍ദിക്ക് സ്വന്തമാക്കി.
ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് നിലവിൽ ഏകദിനങ്ങളില്‍ ഓസീസ് നായകനെ കൂടുതല്‍ തവണ പുറത്താക്കിയ താരം. ആറ് തവണയാണ് ആദില്‍ റഷീദ് സ്മിത്തിനെ പുറത്താക്കിയത്. ഏകദിനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബാറ്ററുമാണ് സ്മിത്ത്.
നേരിട്ട മൂന്നാം പന്തില്‍ തന്നെ പാണ്ഡ്യ സ്മിത്തിനെ വിക്കറ്റ് കീപ്പർ കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മുമ്പ് നടന്ന ടെസ്റ്റ് പരമ്പരയിലും താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഇന്ന് ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പാണ്ഡ്യയാണ്. സ്മിത്തിനെക്കൂടാതെ ഡേവിഡ് വാർണറും മിച്ചൽ മാർഷും പാണ്ഡ്യയുടെ പന്തിൽ പുറത്തായി.

