Saturday, May 18, 2024
spot_img

ഇത് ഭക്ഷണങ്ങളോടുള്ള ക്രൂരത: ഐസ്ക്രീം സ്റ്റിക്കിൽ ഇഡ്ഡലിക്ക് പിന്നാലെ സ്‌ട്രോബറി സമൂസയും; കടുത്ത വിമർശനം

പരമ്പരാഗത ഭക്ഷണങ്ങൾക്കും പാചകരീതികൾക്കും നൂതനമായ ട്വിസ്റ്റുകൾ നൽകുന്നത് പുതിയ കാര്യമല്ല. പുതുമ നിറഞ്ഞ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് ഭക്ഷണ ലോകത്ത് സാധാരണയാണ്. എന്നാല്‍ പുതുമകള്‍ക്കിടയില്‍, ചില വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും അവ വൈറലാവുകയും ചെയ്യാറുമുണ്ട്. ഈ പട്ടികയിൽ ഏറ്റവും പുതിയതായി ചേരുന്നത് ഐസ്ഫ്രൂട്ട് പോലുള്ള ഇഡ്ഡലിയാണ്(idly). കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾ ശ്രഷ്ടിച്ച വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി. ഇതിനു പിന്നാലെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് (strawberry samosa) എന്നിവ ഉപയോഗിച്ച് പാകം ചെയ്ത സമൂസ.

അതേസമയം പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്കയാണ് സമൂസയുടെ രൂപമാറ്റം വരുത്തിയ വിഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ തരത്തിലുള്ള സമൂസകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ വൻ ചർച്ചകൾക്ക് വഴി തുറന്ന വിഭവമാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവയുടെ സമൂസ. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഭക്ഷണങ്ങളോട് ക്രൂരത കാണിക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ അഭിപ്രായം. ആരും തന്നെ ഈ വിഭവത്തിനോട് യോജിക്കുന്നില്ലെന്നും ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത് തടയാൻ നിയമം കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇഡ്‌ലി ഐസ്‌ഫ്രൂട്ടിന്റെ’ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റിലാണ് ആളുകളുടെ ഇഷ്ട വിഭവം മോഡേണ്‍ ആക്കാനുള്ള ശ്രമത്തില്‍ ഐസ്‌ക്രീം സ്റ്റിക്കില്‍ ഇഡ്ഡലി വിളമ്പിയത്. സാധാരണ ഇഡ്ഡലിയെ ഒരു സ്റ്റിക്ക് ഐസ്ക്രീമിന്റെ രൂപത്തിൽ ഒരു സ്റ്റിക്കോട് കൂടി തയ്യാറാക്കിയ ഇഡ്ഡലിയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ചോക്കോബാറിന്റേതിന് സമാനമായ രൂപത്തിലാണ് ഈ ഇഡ്ഡലി.

വിചിത്രമായ ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. മഹേന്ദ്ര കുമാർ ആണ് ഈ ചിത്രം തന്റെ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് ഈ പുതിയ വിഭവം ഇഷ്ടപ്പെടുകയും ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പറയുന്നുണ്ട്. കൂടാതെ ഇഡ്ഡലിയെ ഇപ്പോഴുള്ള രീതിയിൽ തന്നെ നിലനിർത്തിയാൽ മതിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ബെംഗളൂരുവിൽ നിന്നുള്ള പുതിയ ഒരു ഭക്ഷ്യ വിഭവമാണെന്നാണ് ഓൺലൈനിൽ ചിത്രം പങ്കുവെക്കുന്ന ആളുകൾ പറയുന്നത്. ഇത്തരം വീഡിയോകളില്‍ അധികവും ഫുഡ് വ്‌ലോഗര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുള്ളത്. വളരെപെട്ടെന്നാണ് ഇത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Related Articles

Latest Articles