Friday, September 25, 2026

കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ടീച്ചറമ്മ വടിയെടുക്കും,ചെവിയ്ക്കും പിടിക്കും

തിരുവനന്തപുരം : കോവിഡ് 19 ബാധയെത്തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടിയെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും കോവിഡ് 19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്.
കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 രോഗം ചൈനയില്‍ വ്യാപിച്ച് തുടങ്ങിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
അതേസമയം, കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്ന വ്യക്തികള്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുകയാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. സംശയത്തിന് കോവിഡ് 19 കോള്‍ സെന്ററില 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

Related Articles

Latest Articles