കൊല്ലം: കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ മാല നഷ്ടപ്പെട്ടു നിസ്സഹായായി നിന്ന സുഭദ്രാമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കി മടങ്ങിയ സ്ത്രീയെ ഒരു ഗ്രാമം മുഴുവൻ കാണാൻ കാത്തിരിക്കുകയായിരുന്നു.
ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് ഈ നന്മയ്ക്ക് പിന്നിലെന്ന് ഒടുവിൽ കണ്ടെത്തി.
പട്ടാഴി ദേവി ക്ഷേത്രത്തിലെ, ഉത്സവം കൂടാന്‍ പോയതായിരുന്നു സുഭദ്ര. കൊട്ടാരക്കരയില്‍ നിന്നും ബസിലാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുമ്പോഴാണ് തന്റെ രണ്ടു പവൻ വരുന്ന സ്വർണ്ണ മാല മോഷണം പോയതറിഞ്ഞത്. കരഞ്ഞു വിഷമിച്ച സുഭദ്രയ്ക്ക് കണ്ടുനിന്ന ശ്രീലത, തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍ക്കുകയായിരുന്നു. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. സുഭദ്രയുടെ വിഷമം കണ്ടാണ് തന്റെ വളയൂരി നല്‍കിയതെന്ന് ശ്രീലത പറഞ്ഞു.
താന്‍ ചെയ്തത് അത്ര മഹത്തായ കാര്യമൊന്നുമല്ലെന്നും, ഒരാളുടെ വേദന കണ്ടപ്പോള്‍ വിഷമം തോന്നി ചെയ്തതാണെന്നും ശ്രീലത പറഞ്ഞു. കഴിഞ്ഞ 11ന് സംഭവം നടന്നതുമുതല്‍ ശ്രീലതയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീട് ചിലർക്ക് ശ്രീലതയാണെന്ന് മനസ്സിലായതോടെ അവരെ കണ്ടെത്തുകയായിരുന്നു.

