അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര അൽപ്പം നീളും. ജൂണ്‍ എട്ട് ഇന്ത്യന്‍ സമയം വൈകുന്നേരം 6.40 നാണ് ദൗത്യം വിക്ഷേപിക്കുക. നേരത്തെ മെയ് 29 ന് ദൗത്യം വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.
ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്‌ക്കൊപ്പം പോളണ്ടില്‍നിന്നും ഹംഗറിയില്‍നിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഈ ദൗത്യ സംഘം 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയും.
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല. ഗഗന്‍യാന്‍ ദൗത്യത്തിൽ ശുഭാംശുവിന്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്കാവും.

