ഇന്ത്യൻ സിവിൽ സർവ്വീസിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയ ധീരനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി എന്ന് നമ്മളെല്ലാം വിളിക്കുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മവാർഷികമാണിന്ന്. രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകുകയും ഗാന്ധിജിയുടെ സമര രീതികൾ സ്വാതന്ത്ര്യ പ്രാപ്തിക്ക് പര്യാപ്തമല്ലെന്ന് പ്രഖ്യാപിച്ച് സമാന്തരവും ഒരു പക്ഷെ കോൺഗ്രസിന്റെതിനേക്കാൾ മൂർച്ചയേറിയതുമായ സമരമുഖം തുറന്ന ദേശീയ നേതാവായിരുന്നു നേതാജി. 1897 ജനുവരി 23 ന് ഇന്ന് ഒറീസയുടെയും അന്നത്തെ ബംഗാളിന്റെ ഭാഗവുമായിരുന്ന കട്ടക്കിലായിരുന്നു ജനനം. ജനകീനാഥബോസും പ്രഭാവതിയുമാണ് മാതാ പിതാക്കൾ. പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല.
ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല. കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാക്കുകയും ബാലാഗംഗാധര തിലകനെ പോലുള്ള സ്വാതന്ത്ര്യ സമര നേതാക്കളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു നേതാജി. പിൽക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഏറ്റവുമധികം ഭയപ്പെടേണ്ട വിപ്ലവകാരിയും.
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. രണ്ടാം ലോക മഹായുദ്ധ കാലത്ത് നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദു ഫൗജ് എന്ന ഇന്ത്യൻ നാഷണൽ ആർമ്മി ബ്രിടീഷുകാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻകാരോടൊത്ത് ഐ.എൻ.എ. പൊരുതി.
ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്. 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.
ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻമോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.
ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. നേതാജി ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന തന്റെ സ്വപ്നത്തിലേക്ക് അതിവേഗം അടുക്കുമ്പോഴായിരുന്നു ആ ദുരൂഹമായ തിരോധാനം. 1943 ൽ തന്നെ സ്വതന്ത്ര ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നേതാജി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് ഒരു പ്രവാസി സർക്കാരുമുണ്ടായി. ഇത് കോൺഗ്രസ്സിലെ ചില അധികാര മോഹികളിൽ ഉണ്ടാക്കിയ അസ്വസ്ഥതകളാകാം ഇന്നും അനാവരണം ചെയ്യപ്പെടാത്ത അദ്ദേഹത്തിന്റെ തിരോധനത്തിന് പിന്നിൽ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നേതാജിയെ മാറ്റി നിർത്താൻ ഒരു വിഭാഗം നിരന്തര ശ്രമം നടത്തി. 1991 ൽ അദ്ദേഹത്തിന് ഭാരത രത്ന നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
പക്ഷെ പുതിയ ഭാരതത്തിൽ നേതാജിയുടെ സ്മരണകൾ ഉയർത്തെഴുന്നേൽക്കുകയാണ്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം പുറത്തു വിട്ടു. ഇനിമുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ പരാക്രം ദിവസ് മുതലാണ് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. കൂടാതെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ന് ഇന്ത്യഗേറ്റിൽ സ്ഥാപിക്കപ്പെടുകയാണ്. കോടിക്കണക്കിനു ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനമായി നേതാജിയുടെ സ്മരണകൾ ജ്വലിക്കട്ടെ.

