ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. എ കെ സുധീര്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. മലപ്പുറം തിരുനാവായ സ്വദേശിയായ എ.കെ.സുധീർ നമ്പൂതിരി,തിരുനാവായ നാവാമുകന്ദക്ഷേത്രമുൾപ്പെടെ മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു.ആലുവ പുളിയനം സ്വദേശിയായ എംഎസ് പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേൽശാന്തി.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെ കാലങ്ങളായി തുടർന്നു പോരുന്ന നറുക്കെടുപ്പ് രീതിയിലൂടെയായിരുന്നു മേൽശാന്തി തിരഞ്ഞെടുപ്പ്.രാവിലെ എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. തന്ത്രിയിൽനിന്നും നിലവിലെ മേൽശാന്തിയിൽനിന്നും പൂജാവിധികൾ കൂടുതൽ മനസ്സിലാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാർ ചിങ്ങമാസ പൂജാ സമയത്തും ഓണപ്പൂജക്കാലാത്തും സന്നിധാനത്തുണ്ടാവും.
കൂടാതെ, ഇരുവരും കന്നിമാസം ഒന്നുമുതൽ 31 വരെ സന്നിധാനത്തും മാളികപ്പുറത്തുമായി ഭജനമിരിക്കുകയും വേണം. ഇന്ന് ചിങ്ങപ്പുലരിയില്‍ സന്നിധാനത്ത് ലക്ഷാര്‍ച്ചനയുണ്ട്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന വി എന്‍ വസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു. ചിങ്ങം ഒന്നിന് പുലര്‍ച്ചെ 5ന് മേല്‍ശാന്തി ക്ഷേത്ര നട തുറന്ന് നിര്‍മാല്യവും, നെയ്യഭിഷേകവും നടത്തി.

