Monday, June 17, 2024
spot_img

പി ജി ഡോക്ടർ ഷഹാനയുടെ ആത്മഹത്യ: പ്രതി റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ; മൊബൈൽ ഫോണിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിൽ; ആത്മഹത്യാ പ്രേരണയ്ക്ക് കൂടുതൽ തെളിവുകളെന്ന് പോലീസ്

തിരുവനന്തപുരം∙ ഡോ.ഇ.എ.റുവൈസിന് കുരുക്ക് മുറുകുന്നു, മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസിൽ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷഹ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’– ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.

കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ റുവൈസിനെ സ്ഥാനത്തുനിന്നു നീക്കിയതായി സംഘടന അറിയിച്ചു. ഷഹ്നയുടെ മരണത്തിനു പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി വീടു സന്ദർശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ എ.എ.റഷീദ് അറിയിച്ചു

Related Articles

Latest Articles