Sunday, May 19, 2024
spot_img

ഊട്ടിയിലെ സൈനിക ഹെലികോപ്ടർ അപകടം സംയുക്തസേന അന്വേഷിക്കും; ‘ലാൻഡിംഗിനു തൊട്ടുമുൻപ് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി’; മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന; ആദരമർപ്പിച്ച് ലോക്‌സഭയും രാജ്യസഭയും

ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരില്‍ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

അപകടത്തെ കുറിച്ചുള്ള ഹ്രസ്വമായ പ്രസ്താവനയാണ് അദ്ദേഹം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയത്. ദില്ലിയില്‍ നിന്നും വില്ലിംഗ്ടണ്‍ ഐലന്റിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് തിരിച്ചതെന്ന് രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞു.

വ്യോമസേനയുടെ MI 17 V 5 ഹെലികോപ്റ്ററിലാണ് അദ്ദേഹം സുലൂര്‍ എയര്‍ ബേസില്‍ നിന്ന് 11.48 നാണ് യാത്ര തിരിച്ചത്. ഹെലികോപ്റ്റര്‍ 12.15ന് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു.

12.08നാണ് കൂടി എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഹെലികോപ്റ്ററുമായുള്ള ബന്ധം ഇല്ലാതായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിംഗ് നടന്നിരുന്നില്ല.

പിന്നീട് ചില നാട്ടുകാരാണ് ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ചുള്ള വിവരം അധികാരികളെ അറിയിക്കുന്നത്. ഹെലികോപ്റ്റര്‍ കത്തി വീഴുന്നത് സമീപവാസികള്‍ കണ്ടിരുന്നു. നാട്ടുകാരും പ്രാദേശിക ഉദ്യോഗസ്ഥരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അധികം വൈകാതെ തന്നെ സേനാ ഉദ്യോഗസ്ഥരും ഇവിടേക്ക് എത്തി. 14ല്‍ 13പേരും മരിച്ചു എന്നുള്ള വിവരവും അദ്ദേഹം സഭയെ അറിയിച്ചു.

‘ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണ്. വെല്ലിങ്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

ഏറ്റവും വിദഗ്ധ ചികിത്സയാണ് വരുണ്‍ സിങ്ങിന് നല്‍കുന്നത്. അപകടം നടന്നയുടന്‍ വ്യോമസേന മേധാവിയോട് അവിടേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അപകടം പ്രത്യേക വ്യോമസേന സംഘം അന്വേഷിക്കും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെയാണ് അന്വേഷണം നടത്താനായി നിയോഗിച്ചിരിക്കുന്നത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണാനന്തര ചടങ്ങുകള്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്നും രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ചു.

Related Articles

Latest Articles