മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തക സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 420, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ തട്ടിപ്പ് കൈയോടെ പിടിച്ചപ്പോള്‍ പണം തിരികെ നല്‍കുമെന്ന് സുനിത ദേവദാസ് പറഞ്ഞിരുന്നു. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതാ സഖാവാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തനിക്ക് ക്യാന്‍സറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിടുകയായിരുന്നു. ഒപ്പം, തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൈബര്‍ സഖാക്കള്‍ പിരിവ് തുടങ്ങിയത്. കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസാണ് ഈ പിരിവിന് ചുക്കാന്‍ പിടിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സുനിത വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് പണം ഇടണമെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് വന്നത്.
സിപിഎം അനുഭാവമുള്ളവര്‍ വനിത സഖാവിന്റെ അക്കൗണ്ട് നമ്പര്‍ അടക്കം ചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതില്‍ സംശയം തോന്നിയ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ വനിത സഖാവിന് ക്യാന്‍സര്‍ പോയിട്ട് ജലദോഷം പോലുമില്ലെന്ന് വ്യക്തമായത്. ഇതോടെ സിപിഎം സംഘത്തിന്റെ തട്ടിപ്പ് പുറത്തായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. പണം നല്‍കിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാല്‍, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു. ഇവര്‍ തന്നെയാണ് പോലീസിന് കഴിഞ്ഞ ദിവസം പരാതിയും നല്‍കിയത്.
കള്ളം പുറത്തായതോടെ പണംപിരിവിന് നേതൃത്വം നല്‍കിയ സുനിത വീണ്ടും നന്മമരം ചമഞ്ഞ് സോഷ്യല്‍ മീഡിയിയില്‍ എത്തിയിരുന്നു. തനിക്ക് തട്ടിപ്പിനെ കുറിച്ച് അറിവില്ലെന്ന് സുനിത സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ചിരുന്നു. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് മാരാരിക്കുളത്തെ വനിത സഖാവ് കാര്‍ അടക്കം വാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഫിറോസ് കുന്നംപറമ്പിലിന്റേതടക്കം സാമ്പത്തിക ഇടപാടുകള്‍ ആരോപണ വിധേയമായ സമയത്ത് തന്നെയാണ് ഇത്തരത്തില്‍ ചികിത്സസഹായത്തിന്റെ പേരില്‍ കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. സുനിതക്കെതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, കേസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.

