Saturday, December 20, 2025

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി നല്‍കി സുപ്രീംകോടതി; കേസിൽ ഇതുവരെ വിസ്തരിച്ചത് 179 പേരെ

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അം​ഗീകരിച്ച് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാല്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു​.

എന്നാൽ ഇതിനുപുറമേ കേസിൽ നിന്ന്​ പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയ്ക്ക്​ മുമ്പാകെ ഹർജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ്​ വാദം. കേസിൽ ഇതുവരെ 179 സാക്ഷികളെ വിസ്​തരിച്ചിട്ടുണ്ട്​. പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്​തുതകളും പരിശോധിച്ചു. സിനിമ താരങ്ങൾ ഉൾപ്പെടെ 43 സാക്ഷികളെക്കൂടി വിസ്​തരിക്കേണ്ടതുണ്ടെന്നും സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. അതേസമയം കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കഴിഞ്ഞ ആഴ്ച്ച കോടതിയിൽ ഹാജരായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles